DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 30th day of January, 2023
Filed on: 30/04/2019
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 176/2019
Between
COMPLAINANT
Mikdad K., S/o. K.C. Moosan, Kolayakkara House, House No. 849, Nalampeedika, Kolacheri P.O., Kannur 670601.
(Rep. by Adv. Jiji Nikhil, Karippaparambil Associates, HB 48, Panampilly Nagar, Kochi 682036)
VS
OPPOSITE PARTY
AID Education & Charitable Trust, Hyatt Tower, Near Juma Masjid, Padamughal, Kakkanad, Kochi 682030.
അന്തിമ ഉത്തരവ്
ഡി.ബി. ബിനു, പ്രസിഡൻറ്
1. പരാതിക്കാസ്പദമായ സംഗതികൾ
1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 12- വകുപ്പു പ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിൽ ഹെഡ് ഓഫീസായി പ്രവർത്തിക്കുന്ന എതിർകക്ഷി സ്ഥാപനത്തിൽ നിന്നും പരാതിക്കാരൻ BSc Computer Science ഡിസ്റ്റൻറ് ആയി പഠിക്കുന്നതിന് 26/02/2016 ന് പ്രവേശനം നേടുകയും പ്രവേശന സമയത്ത് അഡ്മിഷൻ സമയത്ത് 5000/- രൂപയും പിന്നീടുള്ള നാലു ഗഡുക്കളായി 26/02/16 യിയതിയിൽ 5,000/- രൂപ, 08/03/2016 തിയതിയിൽ 10,000/- രൂപ, 04/04/2016 ൽ 5,000/- രൂപ, 31/05/2016 തിയതിയിൽ 6,000/- രൂപ, 24/05/2016 തിയതിയിൽ 15,000/- എന്നീ ക്രമത്തിൽ മൊത്തം 41,000/- രൂപയും അടയ്ക്കുകയും ചെയ്തു. പ്രസ്തുത കോഴ്സിൻറെ പരീക്ഷ എതിർകക്ഷി സ്ഥാപനത്തിൻറെ ഹെഡ് ഓഫീസായ മലപ്പുറത്ത് വെച്ച് ഏകദേശം 10 ദിവസങ്ങളിലായി ഒരു ദിവസം 2, 3 പേപ്പർ എന്ന നിലയിൽ പരീക്ഷ നടക്കുകയും പരാതിക്കാരൻ മലപ്പുറത്ത് താമസിച്ച് ടി പരീക്ഷ എഴുതുകയും ചെയ്തിരുന്നു. എന്നാൽ പരീക്ഷ ദിവസം പരാതിക്കാരൻ രജിസ്റ്റർ ചെയ്ത BSc Computer Science കോഴ്സിനു പകരം BBA (Computer Application) കോഴ്സിൻറെ പേരിലുള്ള അഡ്മിറ്റ് കാർഡ് നല്കുകയും ടി വിവരം ഓഫീസിൽ അറിയിക്കുകയും പകരം അഡ്മിറ്റ് കാർഡ് ആവശ്യമില്ലെന്നും പരാതിക്കാരൻ രജിസ്റ്റർ ചെയ്ത കോഴ്സിൻറെ തന്നെ ചോദ്യപേപ്പർ കിട്ടുകയും പരീക്ഷ എഴുതുകയും ചെയ്തു. എന്നാൽ, പരീക്ഷ എഴുതി കഴിഞ്ഞ് മൂന്ന് വർഷമായിട്ടും (2019) പരാതിക്കാരൻ എഴുതിയ പരീക്ഷയുടെ റിസൽട്ട് വരികയോ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. പകരം 2016 ഒക്ടോബർ മാസം പരാതിക്കാരൻ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത BBA (Computer Application) സർട്ടിഫിക്കറ്റ് എറണാകുളം ഓഫീസിൽ വന്നിരുന്നു എന്ന വിവരം പരാതിക്കാരനെ വിളിച്ചു പറഞ്ഞെങ്കിലും പരാതിക്കാരൻ ടി സർട്ടിഫിക്കറ്റ് കൈപ്പറ്റാതിരുന്ന തിനാൽ ഓഫീസിൽ നിന്ന് തന്നെ തിരിച്ചയച്ചു. ഇക്കാര്യം എതിർകക്ഷിയെ അറിയിച്ചപ്പോൾ പരാതിക്കാരൻ രജിസ്റ്റർ ചെയ്ത കോഴിസിൻറെ റിസൽട്ട് വരുമെന്നും സർട്ടിഫിക്കറ്റ് ഉടനെ നല്കുമെന്നും എതിർകക്ഷി അറിയിച്ചു.
പരാതിക്കാരൻ എതിർകക്ഷി സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്ത് 7 മാസത്തിനുള്ളിൽ റിസൽട്ട് പബ്ലിഷ് ചെയ്ത് അതേ കാലയളവിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കും എന്നായിരുന്നു പറഞ്ഞതും എതിർകക്ഷിയുടെ പരസ്യവും. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കോഴ്സിൻറെ സർട്ടിഫിക്കറ്റ് ലഭ്യമാകാത്ത സാഹചര്യത്തിൽ അടച്ച ഫീസ് തിരികെ ലഭിക്കുന്നതിനായി എതിർകക്ഷി സ്ഥാപനത്തിൽ നേരിട്ടും ഫോൺ മുഖേനയും ബന്ധപ്പെട്ടെങ്കിലും ഒരു തീരുമാനവുമായില്ല. ആയതിനാലാണ് പരാതിക്കാരൻ ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. റഗുലറായി രജസ്റ്റർ ചെയ്തിരുന്നെങ്കിൽ പരീക്ഷ കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിച്ച് ജോലിയിൽ പ്രവേശിക്കാമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ആയതിനാൽ പരാതിക്കാരൻ ഫീസിനത്തിൽ ഗഡുക്കളായി അടച്ച 41,000/- രൂപയും, മൂന്ന് വർഷത്തിനിടയിൽ പലപ്പോഴായി കണ്ണൂരിൽ നിന്ന് എറണാകുളത്ത് എതിർകക്ഷി സ്ഥാപനത്തിലേക്ക് വരുന്ന യാത്രാ ചെലവിനത്തിൽ ചെലവായ 6,000/- രൂപയും, സർട്ടിഫിക്കറ്റ് യഥാസമയം ലഭിച്ചിരുന്നുവെങ്കിൽ ജോലിയിൽ പ്രവേശിച്ച് പ്രതിമാസം കുറഞ്ഞത് 13,000/- ശംബളം ഇനത്തിൽ 28 മാസത്തെ ശംബളം 3,64,000/- രൂപയും അനുവദിച്ചു ഉത്തരവാകണമെന്നാണ് പരാതിയിലെ ആവശ്യം.
2. നോട്ടീസ്
06/03/2020 ൽ കമ്മീഷനിൽ നിന്നും എതിർകക്ഷിക്ക് അയച്ച നോട്ടീസ് എതിർകക്ഷി കൈപ്പറ്റിയെങ്കിലും കമ്മീഷൻ മുമ്പാകെ ഹാജരാകുകയോ ആക്ഷേപം സമർപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ എതിർകക്ഷിയെ ex-parte ആയി കമ്മീഷൻ പ്രഖ്യാപിച്ചു.
3. തെളിവ്
പരാതിക്കാരൻ തെളിവു സത്യവാങ്മൂലവും നാല് രേഖകളും കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും Exbt. A1 മുതൽ A4 വരെ ആയി രേഖപ്പെടുത്തുകയും ചെയ്തു. Exbt. A1 മുതൽ A4 വരെ എന്നിവയുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാകുന്നു.
Exbt. A1: എതിർകക്ഷി പരാതിക്കാരന് നല്കിയ രസീതിയുടെ പകർപ്പ്
Exbt. A2: മാർക്ക് ലിസ്റ്റിൻറെ പകർപ്പ്
Exbt. A3: അഡ്മിഷൻ ഫോറത്തിൻറെ പകർപ്പ്
Exbt. A4: ബ്രോഷറിൻറെ പകർപ്പ്
തെളിവ് വിശകലനം
പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച തിൻറെയും പരാതിക്കാരനെ നേരിൽ കേട്ടതിൻറെയും അടി സ്ഥാനത്തിൽ കേസിൻറെ അന്തിമ തീർപ്പിനായി താഴെ പറയുന്ന പ്രസക്തമായി വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
(i) പരാതിക്കാരൻ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവാണോ?
(ii) പരാതിക്കാരന് എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള സേവനത്തിലെ അപര്യാപ്തതയോ അനുചിതമായ വ്യാപാര രീതിയോ ഉണ്ടായിട്ടുണ്ടോ?
(iii) ഉണ്ടെങ്കിൽ ആയതിന് എന്ത് നഷ്ട പരിഹാരം നല്കേണ്ടതായുണ്ട്?
(iv) കോടതി ചെലവ് നല്കേണ്ടതുണ്ടോ, എങ്കിൽ ആയതിന് എത്ര തുക നല്കണം?
1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 12 വകുപ്പ് പ്രകാരമുള്ള “ഉപഭോക്താവ്” എന്ന നിർവ്വചനത്തിൻറെ പരിധിയിൽ പരാതിക്കാരൻ വരുമോ എന്നതാണ് കമ്മീഷൻ ആദ്യമായി പരിശോധിച്ചത്. പരാതിക്കാരൻ എതിർകക്ഷി സ്ഥാപനത്തിൽ കോഴ്സിന് പ്രവേശനം നേടുന്ന സമയത്ത് 5,000/- രൂപയും പിന്നീട് നാല് ഗഡുക്കളായി 41,000/- രൂപയും ഫീസായി അടച്ചു എന്ന് വ്യക്തമാക്കുന്ന രസീത് (Exbt. A1) ആയി ഹാജരാക്കിയിട്ടുണ്ട്. അതിനാൽ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരമുള്ള “ഉപഭോക്താവ്” എന്ന നിർവ്വചനത്തിൻറെ പരിധിയിൽ ഉൾപ്പെടുമെന്ന് കമ്മീഷൻ തീരുമാനിച്ച സാഹചര്യത്തിൽ ചോദ്യം (i) പരാതിക്കാരന് അനുകൂലമാണെന്ന നിഗമനത്തിൽ കമ്മീഷൻ എത്തി ചേർന്നു. എതിർകക്ഷിയുടെ സ്ഥാപനത്തിൽ പരാതിക്കാരൻ പ്രവേശനം നേടുകയും നാലു ഗഡുക്കളായി ഫീസ് അടയ്ക്കുകയും ചെയ്തു. (Exbt. A1) പരാതിക്കാരൻറെ പേരിൽ മധുര കാമരാജ് യൂണിവേഴ്സിറ്റി 17/10/2016 നല്കിയ മാർക്ക് ലിസ്റ്റിൻറെ പകർപ്പ് (Exbt. A2) ആയി ഹാജരാക്കിയിട്ടുണ്ട്. ഇതിൽ BBA (Computer Application) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതിന് വിപരീതമായ വിധത്തിലാണ് എതിർകക്ഷി പരാതിക്കാരന് അഡ്മിഷൻ ഡീറ്റെയ്സിൽസ് നല്കിയത് (Exbt. A3) ഇതുപ്രകാരം ലഭിച്ചത് BSc Computer Science നാണ്. എതിർകക്ഷി പരസ്യത്തിലൂടെ പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് തെളിയിക്കാൻ എതിർകക്ഷി പ്രസിദ്ധീകരിച്ച പരസ്യപത്രിക (Exbt. A4) യും പരാതിക്കാരരൻ ഹാജരാക്കി. ഏഴുമാസം കൊണ്ട് ഡിഗ്രി ലഭിക്കുമെന്നാണ് പരസ്യത്തിൽ എതിർകക്ഷി വാഗ്ദാനം ചെയ്തത്. എന്നാൽ മൂന്നു വർഷം കഴിഞ്ഞിട്ടും റിസൽട്ട് പോലും പ്രസിദ്ധീകരിക്കാൻ എതിർകക്ഷിക്ക് കഴിഞ്ഞില്ലെന്ന പരാതിക്കാരൻറെ വാദത്തിന് സാധൂകരണം നല്കുന്നതാണ് ഹാജരാക്കിയ രേഖകൾ.
വിദ്യാഭാസ സ്ഥാപനം എന്ന പേരിൽ കൂണു പോലെ മുളച്ചു വരികയും ആകർഷകമായ പരസ്യങ്ങളിലൂടെ വിദ്യാത്ഥികളെയും രക്ഷാകർത്താക്കളെയും കമ്പളിപ്പിക്കുകയും പിന്നീട് ആരുമറിയാതെ പൂട്ടിപോകുകയും ചെയ്യുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിൽ അസാധാരണമല്ല. ഇത്തരം തട്ടിപ്പുകളിലൂടെ പണം മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവി കൂടിയാണ് അപകടത്തിലാകുന്നത്. പണവും മൂന്നു വർഷവും നഷ്ടപ്പെട്ട ഒരു വിദ്യാർത്ഥിയുടെ പരാതിയിൽ കമ്മീഷൻ നോട്ടീസ് അയച്ചിട്ടും അതിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കാൻ പോലും തയ്യാറാകാത്ത എിതർകക്ശിയുടെ നിരുത്തരവാദപരമായ നിലപാടിനെ ഗൌരവത്തോടെ തന്നെയാണ് കമ്മീഷൻ കാണുന്നത്. സേവനത്തിലെ ന്യൂനതയും അനുചിതമായ കച്ചവട രീതിയും എതിർകക്ഷിയിടെ ഭാഗത്തുനിന്നും ഉണ്ടായെന്ന് കമ്മീഷന് ബോധ്യപ്പെട്ടു.
പരാതിക്കാരൻ 4 രേഖകളും തെളിവു സത്യവാങ്മൂലവും കമ്മീഷൻ മുമ്പാകെ ഹാജരാക്കി. എതിർകക്ഷി കമ്മീഷൻ മുമ്പാകെ ഹാജരാകുകയോ ആക്ഷേപം സമർപ്പിക്കുകയോ ചെയ്തിട്ടില്ല.
06/03/2020 ൽ കമ്മീഷൻ എതിർകക്ഷികൾക്ക് അയച്ച നോട്ടീസ് എതിർകക്ഷി കൈപ്പറ്റിയെങ്കിലും കമ്മീഷനു മുമ്പാകെ ഹാജരാകാനോ ആക്ഷേപം സമർപ്പിക്കാനോ ഇവർ തയ്യാറാകാത്ത സാഹചര്യത്തിൽ എതിർകക്ഷിയെ എക്സ്-പാർട്ടിയായി കമ്മീഷൻ പ്രഖ്യാപിച്ചു. അതിനുശേഷവും കമ്മീഷൻ മുമ്പാകെ ഹാജരാകാനോ എക്സ്-പാർട്ടി ഉത്തരവ് റദ്ദാക്കുവാനോ യാതൊരു ശ്രമവും എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. കമ്മീഷൻറെ നോട്ടീസ് ലഭിച്ചിട്ടും രേഖാമൂലമുള്ള ആക്ഷേപം സമർപ്പിക്കുന്നതിന് എതിർകക്ഷിയുടെ ഭാഗത്ത് ബോധപൂർവ്വമായ വീഴ്ചയുണ്ടായി. പരാതിക്കാരൻ എതിർകക്ഷി ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാണ്. 2017 (4) സി.പി.ആർ പേജ് 590 (എൻ.സി.) ഉത്തരവിൽ ബഹു. ദേശീയ കമ്മീഷൻ സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
പരാതിക്കാരൻ എതിർകക്ഷിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ എതിർക്കപ്പെടാതെ നില്ക്കുന്ന സാഹചര്യത്തിൽ പരാതിക്കാരൻ ഹാജരാക്കിയ രേഖകളും തെളിവു സത്യവാങ്മൂലവും കമ്മീഷൻ വിശദമായി പരിശോധിച്ചു. എതിർകക്ഷിയുടെ ഈ പ്രവർത്തികൾ സേവനത്തിലെ ന്യൂനതയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് പ്രകടമായി തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞ സാഹചര്യത്തിൽ (ii), (iii), (iv) ചോദ്യങ്ങൾക്കുള്ള ഉത്തരം പരാതിക്കാരന് അനുകൂലമായി കമ്മീഷൻ തീർപ്പാക്കുന്നു.
ഉത്തരവ്
1. എതിർകക്ഷി പരാതിക്കാരനിൽ നിന്നും ഫീസായി വാങ്ങിയ 41,000/- രൂപ (നാല്പത്തിയൊന്നായിരം രൂപ മാത്രം) പരാതിക്കാരന് തിരിച്ചു നല്കണം
2. എതിർകക്ഷിയുടെസേവനത്തിലെ ന്യൂനത, അനുചിതമായ കച്ചവട രീതി എന്നിവ മൂലം പരാതിക്കാരനുണ്ടായ മനക്ലേശം, ധനനഷ്ടം, ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് 10,000/- രൂപ (പതിനായിരം രൂപ മാത്രം) പരാതിക്കാരന് നഷ്ടപരിഹാരമായി നല്കണം.
3. എതിർകക്ഷി പരാതിക്കാരന് കോടതി ചെലവിനത്തിൽ 5,000/-
4. രൂപ (അയ്യായിരം രൂപ മാത്രം) നല്കണം.ർകക്ഷി പരാതിക്കാരന്.
ഈ ഉത്തരവിൻറെ ഒരു പകർപ്പ് എതിർകക്ഷികൾക്ക് ലഭിയ്ക്കുന്ന അന്നു മുതൽ 30 ദിവസത്തിനകം ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്. അല്ലാത്തപക്ഷം മേൽ സൂചിപ്പിച്ച (1) ഉം (2) ക്രമനമ്പറുകളിലെ തുകക്ക് ഉത്തരവ് തിയതി മുതൽ ഉത്തരവ് നടപ്പിലാക്കുന്ന തിയതി വരെ 9 ശതമാനം പലിശയും നല്കേണ്ടതാണ്. ഈ ഉത്തരവ് എതിർകക്ഷികൾക്ക് ഒറ്റയ്ക്കും കൂട്ടായും ബാധകമായിരിക്കുന്നതുമാണ്.
Pronounced in the open Commission on this the 30th day of January, 2023.
Sd/-
D.B.Binu, President
Sd/-
V.Ramachandran, Member
Sd/-
Sreevidhia.T.N, Member
Forwarded/by Order
Assistant Registrar.
APPENDIX
COMPLAINANT’S EVIDENCE
Exbt. A1: എതിർകക്ഷി പരാതിക്കാരന് നല്കിയ രസീതിയുടെ പകർപ്പ്
Exbt. A2: മാർക്ക് ലിസ്റ്റിൻറെ പകർപ്പ്
Exbt. A3: അഡ്മിഷൻ ഫോറത്തിൻറെ പകർപ്പ്
Exbt. A4: ബ്രോഷറിൻറെ പകർപ്പ്
OPPOSITE PARTIES’ EVIDENCE
ഇല്ല
Despatch date:
By hand: By post
kp/
CC No. 176/2019
Order Date:30/01/2023