By Smt. Sheena V.V., Member :
പരാതിക്കാരന്‍റെ പരാതി ഇപ്രകാരമാകുന്നു. പരാതിക്കാരന്‍ ഒന്നാം എതിര്‍കക്ഷിയായ ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷന്‍റെ പാചകവാതകം ലഭിക്കുന്നതിനുവേണ്ടി രണ്ടാം എതിര്‍കക്ഷിയായ ശ്രീവിനായക ഇന്ത്യൻ സര്‍വ്വീസ് എന്ന ഏജന്‍സിയിലൂടെ പാചകവാതക കണക്ഷൻ എടുത്തിട്ടുള്ളതാണ്. പരാതിക്കാരന്‍ ശ്രീ. രാമകൃഷ്ണന്‍ പി.എ. എന്നയാള്‍ക്കുവേണ്ടി ടിയാന്‍റെ മകനാണ് പരാതി ബോധിപ്പിച്ചിട്ടുള്ളത്. പരാതിക്കാരൻ 6 വര്‍ഷത്തോളമായി പാചകവാതകത്തിനു ബുക്ക് ചെയ്തുകഴിഞ്ഞാല്‍ സിലിണ്ടർ ലഭിക്കാൻ 2 മാസത്തോളം കാത്തിരിക്കേണ്ടിവരികയും, ട്രാൻസ്‌പോർട്ടേഷൻ ചാര്‍ജ് ഈടാക്കുകയും ചെയ്യുന്നു. പരാതിക്കാരന്‍ രണ്ടാം എതിര്‍കക്ഷിയോട് പരാതിപ്പെട്ടപ്പോൾ അവർ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണുണ്ടായത്.
പരാതിക്കാരനു വിവരാവകാശം പ്രകാരം കിട്ടിയിട്ടുള്ള രേഖപ്രകാരം പാചകവാതകത്തിനു ബുക്ക് ചെയ്തുകഴിഞ്ഞാൽ 48 മണിക്കൂറിനുശേഷം സിലിണ്ടറുകള്‍ നല്കണമെന്നും, 5 കി.മീ. ചുറ്റളവിനുള്ളില്‍ പാചകവാതകം വിതരണം ചെയ്യുന്നതിനു ട്രാൻസ്‌പോർട്ടേഷൻ ചാര്‍ജ് ഈടാക്കേണ്ടതി ല്ലായെന്നും അറിവായിട്ടുള്ളതാണ്. രണ്ടാം എതിര്‍കക്ഷിയോട് പരാതി പ്പെട്ടിട്ടും നിവൃത്തിയില്ലായെന്നു കണ്ടപ്പോൾ 29/12/14 തിയ്യതി താലൂക്ക് സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസർ, ഇന്ത്യന്‍ ഓയിൽ കോർപറേഷൻ ചീഫ് ഏരിയ മാനേജർ, ജില്ലാ കളക്ടർ എന്നിവര്‍ക്ക് പരാതി ബോധിപ്പിച്ചിരുന്നു. ടി പരാതിയ്ക്കു മറുപടിയൊന്നും ലഭിക്കാ തായപ്പോള്‍ വീണ്ടും മേല്‍പറഞ്ഞവര്‍ക്കും സിവിൽ സപ്ലൈ മന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവര്‍ക്കും പരാതികൾ അയച്ചു. നിവൃത്തി ലഭിക്കാത്തതിനാലാണ് പരാതിക്കാരന്‍ നിവൃത്തി ലഭിക്കുന്നതിനുവേണ്ടി ഫോറത്തില്‍ പരാതി സമര്‍പ്പിച്ചത്. എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നും സേവനത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും, പരാതിക്കാരനു ലഭിക്കേണ്ട സേവനം കൃത്യസമയത്ത് ലഭിച്ചിട്ടില്ലായെന്നുമാണ് പരാതിക്കാരന്‍റെ പരാതി.
2) പരാതിയുടെ നോട്ടീസ് ലഭിച്ചപ്പോള്‍ ഒന്നാം എതിര്‍കക്ഷി വക്കീൽ മുഖാന്തിരം ഫോറത്തില്‍ ഹാജരാകുകയും ആക്ഷേപം ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം എതിര്‍കക്ഷിയുടെ ആക്ഷേപത്തിൽ പരാതികാര്യങ്ങളെല്ലാം നിഷേധിക്കുകയാണുണ്ടായിട്ടുള്ളത്. പരാതിക്കാരന്‍ രണ്ടാം എതിര്‍കക്ഷിയുടെ കസ്റ്റമർ ആണെന്നുള്ള വസ്തുത അംഗീകരിച്ചിട്ടുള്ളതാണ്. 2014-2015 വർഷത്തിൽ 6 സിലിണ്ടറുകൾ 9 മാസത്തിനുള്ളില്‍ പരാതിക്കാരന്‍ സ്വീകരിച്ചിട്ടുള്ളതും 2014 ഡിസംബര്‍, 2015 ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളില്‍ പ്ലാൻറിൽ തൊഴിൽ തർക്കം നിലനിന്നിരുന്നതിനാൽ സിലിണ്ടറിന്‍റെ വിതരണത്തിൽ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ഡെലിവറി ചാര്‍ജിനെ സംബന്ധിച്ച് 27/01/14 ഇല്‍ തൃശൂര്‍ ജില്ലാ കളക്ടർ മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുള്ളതും ടി മാര്‍ഗരേഖയനുസരിച്ച് ഗോഡൌണില്‍നിന്നും 5-10 കി.മീ. ചുറ്റളവിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഉപഭോക്താവില്‍നിന്നും 22/- രൂപ ഈടാക്കാമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാരന്‍റെ വസതിയിലേയ്ക്ക് 5.8 കി.മീ. ദൂരമുള്ളതിനാലാണ് ഡെലിവറി ചാര്‍ജ് ഈടാക്കുന്നത്. ആയതിനാല്‍ ഒന്നാം എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നും സേവനത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലാത്തതും ഒന്നാം എതിര്‍കക്ഷിക്കെതിരെ പരാതി തള്ളി ഉത്തരവാകേണ്ടതുമാണ്.
3) രണ്ടാം എതിര്‍കക്ഷി ആക്ഷേപം ബോധിപ്പിച്ചിട്ടുള്ളതും, ആക്ഷേപത്തില്‍ രണ്ടാം എതിര്‍കക്ഷിയുടെ ഭാഗം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഒന്നാം എതിര്‍കക്ഷിയില്‍നിന്നും സിലിണ്ടറുകൾ ലഭിക്കുന്ന മുറയ്ക്ക് രണ്ടാം എതിര്‍കക്ഷി ഉപഭോക്താക്കള്‍ക്ക് സിലിണ്ടർ വിതരണം ചെയ്യുന്നതാണ്. അതുപോലെതന്നെ എതിര്‍കക്ഷിയുടെ ഗോഡൌണില്‍ നിന്നും പരാതിക്കാരന്‍റെ വീട്ടിലേക്ക് 5 കി.മീറ്ററില്‍ കൂടുതൽ ദൂരമുള്ളതിനാലാണ് പരാതിക്കാരനില്‍നിന്നും ട്രാന്‍സ്പോര്‍ട്ടേഷന്‍ചാര്‍ജ് ഈടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ രണ്ടാം എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നും സേവനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലാത്തതും രണ്ടാം എതിര്‍കക്ഷിക്കെതിരെയുള്ള പരാതി തള്ളി ഉത്തരവാക്കേണ്ടതുമാണ്. മൂന്നാം എതിര്‍കക്ഷി പരാതിയുടെ നോട്ടീസ് ഫോറത്തില്‍നിന്നും ലഭിച്ചപ്പോള്‍ ഫോറത്തിൽ ഹാജരായെങ്കിലും അനേകം അവസരങ്ങൾ നല്കിയിട്ടും അവരുടെ ഭാഗം ആക്ഷേപം ഫയലാക്കുകയോ പരാതിയെ സംബന്ധിച്ച് തര്‍ക്കിക്കുകയോ ചെയ്തിട്ടില്ലാത്തതാണ്. ആയതിനാല്‍ മൂന്നാം എതിര്‍കക്ഷിയെ എക്സ് പാര്‍ട്ടിയാക്കി ഉത്തരവായിട്ടുള്ളതാകുന്നു.
4) പരാതിയില്‍ പ്രത്യേകമായി പരിഗണിച്ച വിഷയങ്ങൾ ഇപ്രകാരമാകുന്നു.
1) പരാതിക്കാരന് പാചകവാതകസിലിണ്ടര്‍ വിതരണം
ചെയ്യുന്നതില്‍ എതിര്‍കക്ഷികള്‍ക്ക് സേവനത്തില്‍ വീഴ്ച
സംഭവിച്ചിട്ടുണ്ടോ ?
2) ഉണ്ടെങ്കില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ ?
5) കേസ് തെളിവിനായി പരിഗണിച്ചപ്പോള്‍ പരാതിക്കാരന്‍റെ മുക്ത്യാറുകാരന്‍ തെളിവ് അഫിഡവിറ്റ് ബോധിപ്പിക്കുകയും 18 രേഖകള്‍ തെളിവിലേയ്ക്കായി ഹാജരാക്കി Ext. P1 to P18 ആയി അടയാളപ്പെടുത്തിയിട്ടുള്ളതുമാണ്. Ext. P1 series വ്യത്യസ്ത തിയ്യതിയിലെ ബില്ലും; Ext. P2 പാചകവാതക കണക്ഷന്‍റെ കൈപ്പുസ്തകവും; Ext. P3 & P4 വിവരാവകാശ അപേക്ഷയിന്മേലുള്ള അറിയിപ്പും; Ext. P5 വിവരാവകാശത്തിന് ഒന്നാം എതിര്‍കക്ഷിയില്‍നിന്നുള്ള മറുപടിയും; Ext. P6 താലൂക്ക് സപ്ലൈ ഓഫീസ്, കൊടുങ്ങല്ലൂരില്‍ വിവരാവകാശനിയമപ്രകാരം കൊടുത്ത അപേക്ഷയുടെ പകര്‍പ്പ്; Ext. P7 ആയതിനുള്ള മറുപടി; Ext. P8 മുതല്‍ P11 വരെയുള്ള രേഖകള്‍ പരാതിക്കാരന്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ കൊടുത്ത പരാതിയുടെ പകര്‍പ്പ്; Ext. P12 series മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പരാതിയുടെ പകര്‍പ്പ്, പോസ്റ്റല്‍ രസീതിയും കൈപ്പറ്റുരസീതിയും; Ext. P13 & P14 ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നും പുറപ്പെടുവിച്ച രണ്ട് കത്തുകളുടെ പകര്‍പ്പും; Ext. P15 മുക്ത്യാര്‍; Ext. P16 ഗ്യാസ് കണക്ഷന്‍ പുസ്തകത്തിന്‍റെ Page 12,13; Ext. P17 വ്യത്യസ്ത തിയ്യതികളിലെ രസീതികളും; Ext. P18 പത്രത്തില്‍വന്ന വാര്‍ത്തയുമാണ്.
6) എതിര്‍കക്ഷിയുടെ ഭാഗത്തുനിന്ന് രണ്ടാം എതിര്‍കക്ഷി എതിർ സത്യവാങ്മൂലം ബോധിപ്പിച്ചിട്ടുള്ളതും, യാതൊരുവിധ രേഖകളും തെളിവിലേയ്ക്കായി ബോധിപ്പിച്ചിട്ടില്ലാത്തതുമാണ്. ഒന്നാം എതിര്‍കക്ഷി സത്യവാങ്മൂലം ബോധിപ്പിക്കുകയോ രേഖകളൊന്നും തന്നെ തെളിവിലേയ്ക്കായി നല്‍കുകയോ ചെയ്തിട്ടില്ലാത്തതാണ്. മൂന്നാം എതിര്‍കക്ഷിയെ എക്സ് പാര്‍ട്ടിയാക്ക് ഉത്തരവായിട്ടുള്ളതുമാണ്.
7) കേസ് തെളിവിനായി പരിഗണിച്ചപ്പോള്‍ പ്രധാനമായും ഉരുത്തിരിഞ്ഞ വിഷയം എതിര്‍കക്ഷികളുടെ ഭാഗത്തുനിന്നും സേവനത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നതാണ്. രേഖകള്‍ പരിശോധിച്ചതില്‍നിന്നും പരാതിക്കാരനു പല പ്രാവശ്യങ്ങളിലും ഗ്യാസ് ലഭിക്കാന്‍ രണ്ടുമാസത്തോളം വൈകിയിട്ടുള്ളതായി കാണാന്‍ കഴിഞ്ഞു. സിലിണ്ടര്‍ ലഭിക്കുവാന്‍ വൈകുന്നതിന്‍റെ കാരണമായി ഒന്നാം എതിര്‍കക്ഷി പരാതിക്കാരനു നല്കിയിട്ടുള്ള വിവരാവകാശ മറുപടിയില്‍നിന്നും (Ext.P5) “ബുക്ക് ചെയ്തു 48 മണിക്കൂറിനുള്ളില്‍തന്നെ സിലിണ്ടര്‍ വീട്ടിലെത്തിക്കുവാനാണ് ഞങ്ങളുടെ ശ്രമം എന്നിരിക്കലും അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍, തൊഴിലാളി പ്രശ്നം, പ്ലാന്‍റിലെ കോണ്‍ട്രാക്റ്റ് തൊഴിലാളികളുടേയും വണ്ടി തൊഴിലാളികളുടേയും ഏജന്‍സി തൊഴിലാളികളുടേയും മറ്റും സമരങ്ങള്‍ എന്നിവമൂലം ഇത് സാധിക്കാതെ വരുന്നുണ്ട്”. എന്നാല്‍ ഈ വിവരണത്തിന് അടിസ്ഥാനമായ രേഖകളൊന്നും തന്നെ എതിര്‍കക്ഷികള്‍ ഹാജരാക്കിയിട്ടില്ലാത്തതാണ്. ആയതുകൊണ്ടുതന്നെ എതിര്‍കക്ഷികളുടെ വാദം വിശ്വസനീയമല്ലാത്തതും, പരാതിക്കാരന്‍റെ വാദങ്ങളെ ഖണ്ഡിക്കാന്‍ കഴിയാത്തവിധം തോല്‍വി സമ്മതിച്ചിട്ടുള്ളതുമാണ്.
8) പരാതിക്കാരന്‍ രണ്ടാമതായി ആരോപിച്ചിട്ടുള്ള സംഗതി ട്രാൻസ്‌പോർട്ടേഷൻ ചാര്‍ജ് ഈടാക്കുന്നതിനെ സംബന്ധിച്ചാണ്. Ext. P7 രേഖപ്രകാരം ഗോഡൌണില്‍ നിന്നും 5 കി.മീറ്ററ്‍ പരിധിയില്‍ ചാര്‍ജില്ല എന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്. Ext.P7 രേഖ മൂന്നാം എതിര്‍കക്ഷി ഓഫീസില്‍നിന്നും പരാതിക്കാരനു അയച്ചു നല്കിയ രേഖയാണ്. പരാതിക്കാരന്‍റെ താമസസ്ഥലം 5 കി.മീറ്ററ്‍ ദൂരപരിധിയിലല്ല താമസിക്കുന്നത് എന്ന് എതിര്‍കക്ഷികള്‍ തെളിയിച്ചിട്ടില്ലാത്തതാണ്.
9) ആയതിനാല്‍ പരാതിക്കാരന്‍റെ പരാതി അനുവദിച്ച് ഉത്തരവാകുന്നു. പരാതിക്കാരനു പാചകവാതകം ബുക്ക് ചെയ്ത് 22 ദിവസത്തിനുള്ളില്‍ ഡെലിവറി നടത്തണമെന്നും ഒന്ന്, രണ്ട് എതിര്‍കക്ഷികളോട് കല്പിച്ചും, ഡെലിവറി ചാര്‍ജ് തുടര്‍ന്ന് ഈടാക്കരുതെന്നും ഇതിനാല്‍ ഉത്തരവാകുന്നു. ഒന്ന്, രണ്ട് എതിര്‍കക്ഷികള്‍ മേല്‍ ഉത്തരവ് സമയക്രമം പാലിച്ച് നടപ്പിലാക്കുന്നില്ലേയെന്ന് മൂന്നാം എതിര്‍കക്ഷി പരിശോധിച്ച് നടപ്പിൽ വരുത്തേണ്ടതാണെന്നും ഉത്തരവാകുന്നു.
Dictated to the Confidential Assistant, transcribed by her, corrected by me and pronounced in the open Forum this the 20th day of May 2017.