O R D E R
By Sri. C.T. Sabu, President :
ഈ കേസിനു ആധാരമായ സംഗതി :
ഒന്നും രണ്ടും ഹർജിക്കാർ ഭാര്യാഭർത്താക്കന്മാരും എതിർകക്ഷികളുടെ ധനകാര്യ സ്ഥാപനത്തിൽ സ്ഥിരനിക്ഷേപം നടത്തിയിട്ടുള്ള നിക്ഷേപകരും ആയതിനാൽ ഉപഭോക്താക്കളുമാണ്. ഒന്നും രണ്ടും എതിർകകഷികൾ ധനകാര്യസ്ഥാപനവും പ്രതിനിധിയായ മാനേജിങ് പാർട്ണറുമാണ്. മൂന്നുമുതൽ ഒൻപതുവരെയുള്ള എതിർകക്ഷികൾ സ്ഥാപനത്തിന്റെ പാർട്ണർമാരും പത്തും പതിനൊന്നും എതിർകക്ഷികൾ ഒന്നും രണ്ടും എതിർകക്ഷികൾ പ്രതിനിധീകരിച്ച ശ്രീ. വിദ്യാധരന്റെ മരണശേഷം കക്ഷിചേർക്കപ്പെട്ട അനന്തരാവകാശികളുമാണ്.
2) ഹർജിക്കാർ താഴെ വിവരിക്കുംപ്രകാരം എതിർകക്ഷികളുടെ സ്ഥാപനത്തിൽ സ്ഥിരനിക്ഷേപം നടത്തിയിട്ടുള്ളതും പ്രസ്തുത സ്ഥിരനിക്ഷേപത്തിന്റെ മുതലും പലിശയും ഹർജിക്കാർ ആവശ്യപ്പെട്ട സമയത് തിരികെ നല്കിയിട്ടില്ലാത്തതും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വഴിപ്പെടാതെ കൂടുതൽ മനഃക്ലേശവും മാനഹാനിയുമുണ്ടാക്കി പലതരത്തിൽ ബുദ്ധിമുട്ടിക്കുകയും ചെയ്തതിനു നഷ്ടപരിഹാരവും മുതലും പലിശയും കോടതിച്ചെലവും എതിർകക്ഷികളിൽനിന്നും ഈടാക്കി കിട്ടുന്നതിനുമാണ് കേസ്.
നിക്ഷേപ വിവരം
ക്രമ നമ്പർ ഫോളിയോ നമ്പർ തിയതി സംഖ്യ പലിശ
1. 305/FD/03/11 24/12/2004 1,00,000/- 12% Rs.3,870/-
2. 307/FD/03/12 24/12/2004 50,000/- 12% Rs.1,940/-
3. 661/FD/04/134 15/12/2012 1,00,000/- 12% Rs.4,500/-
4. 690/FD/04/163 24/12/2013 50,000/- 12% Rs.1,940/-
ടി നിക്ഷേപങ്ങൾക്ക് 305, 307, 690 നമ്പറുള്ള രശീതികൾക്കു 24/12/2014 വരെയും 661 നമ്പർ രസീതിനു 05/12/2014 വരെയും പലിശ ലഭിച്ചിട്ടുള്ളതാണ്. ശേഷം ലഭിക്കേണ്ടുന്ന പലിശയുടെ വിവരം മേൽ പട്ടികയിൽ വിവരിച്ചിട്ടുണ്ട്.
3) ഹർജിക്കാരുടെ മകന്റെ വിവാഹം 09/07/2015 നു നിശ്ചയിച്ചതും വിവാഹാവശ്യത്തിനായി എതിര്കക്ഷികളെ സമീപിക്കുകയും നിക്ഷേപസംഖ്യ മുതലും പലിശയും ചേർത്ത് തിരികെ തരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു വൈകിപ്പിക്കുകയും വിഷമവൃത്തത്തിലാക്കി നിക്ഷേപസംഖ്യ നിഷേധിക്കുകയുമാണുണ്ടായിട്ടുള്ളത്. കൂടാതെ മോശമായി പെരുമാറുകയും ചെയ്യാൻ എതിർകക്ഷികൾ തയ്യാറായിയെന്നത് ഹർജിക്കാരെ കൂടുതൽ വേദനിപ്പിക്കുകയും ചെയ്തുവെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
4) എതിർകക്ഷികളുടെ പ്രവൃത്തി ഗുരുതരമായ തെറ്റും കുറ്റവുമാണ്. മാത്രവുമല്ല അനുചിത വ്യാപാരവൃത്തിയും അക്ഷന്തവ്യമായ സേവന ന്യൂനതയുമാണെന്നു ഹർജിക്കാർ പ്രസ്താവിക്കുന്നു. ആയതിനാൽ കോടതിയുടെ ദയവുണ്ടായി നിയമാനുസരണം ലഭിക്കേണ്ടുന്ന മുതലും പലിശയും കൂട്ടി 3,12,250/- (മൂന്നുലക്ഷത്തി പന്തീരായിരത്തി ഇരുന്നൂറ്റിഅമ്പതു) രൂപയും നഷ്ടപരിഹാരമായി 25,000/- (ഇരുപത്തയ്യായിരം) രൂപയും ചെലവിനത്തിൽ 5,000/- (അയ്യായിരം) രൂപയും അനുവദിച്ചുത്തരവാകണമെന്നു അപേക്ഷിക്കുന്നു.
5) ഹർജിഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്കു നോട്ടീസുത്തരവായി. ഒന്നും രണ്ടും എതിർകക്ഷികൾ പ്രതിനിധാനം ചെയ്ത മാനേജിങ് പാർട്ണറുടെ മരണത്തെത്തുടർന്ന് 10,11 എതിർകക്ഷികളെ കക്ഷി ചേർത്തിരുന്നു. മൂന്നു മുതൽ പതിനൊന്നുവരെയുള്ള എതിർകക്ഷികൾ അഭിഭാഷകർ മുഖേന ഹാജരായി എതിർകക്ഷികൾ പ്രത്യേകം പ്രത്യേകം ആക്ഷേപങ്ങൾ ഫയൽ ചെയ്തു. 6, 7 എതിർകക്ഷികൾ കൂട്ടായി സമർപ്പിച്ചു. 10, 11 എതിർകക്ഷികളും ഒരുമിച്ചു ആക്ഷേപം ഫയൽ ചെയ്തു. മൂന്നാം എതിർകക്ഷിയുടെ ആക്ഷേപമനുസരിച്ചു ഹർജിനിയമവശാലോ കാര്യവശാലോ നിലനിൽക്കുന്നതല്ല. ഹർജിസംഗതികൾ ഒന്നുംതന്നെ മൂന്നാം എതിർകക്ഷി സമ്മതിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഹർജിക്കാർ ഉപഭോക്താക്കളുടെ പരിധിയിൽ വരുന്നില്ലയെന്നും ഉപഭോക്തൃ സംരക്ഷണനിയമം മൂന്നാം എതിർകക്ഷി ലംഘിച്ചിട്ടില്ലെന്നും പ്രസ്താവിക്കുന്നു. നാലാം എതിർകക്ഷിയുടെ ആക്ഷേപമനുസരിച്ചു പ്രസ്തുത കക്ഷി ഒരു സ്ലീപ്പിങ് പാർട്ണർ മാത്രമായിരുന്നെന്നും രണ്ടായിരം ആണ്ടു മുതൽ സ്ഥാപനവുമായി യാതൊരു സാമ്പത്തിക ഇടപാടുകളില്ലെന്നും ബന്ധം തന്നെയില്ലെന്നും പ്രസ്താവിച്ചു വാർത്ത പരസ്യപ്പെടുത്തിയിട്ടുള്ളതും ഹർജിസംഗതികൾ കളവാണെന്നും ഹർജിക്കാർ ഉന്നയിക്കുന്ന ആവലാതികൾക്കു നാലാം എതിർകക്ഷികൾക്കു യാതൊരുവിധ ഉത്തരവാദിത്വമില്ലെന്നും പ്രസ്താവിക്കുന്നു. അഞ്ചാം എതിർകക്ഷിയും ഹർജിസംഗതികൾ കളവാണെന്നും നിഷേധിക്കുന്നതായും പ്രസ്താവിക്കുന്നു. ആറും ഏഴും എതിർകക്ഷികൾ രണ്ടാം എതിർകക്ഷിയുടെ അടുത്ത ബന്ധുക്കളാണെന്നും ആയതിനാൽ തെറ്റിദ്ധരിപ്പിച്ചു പാർട്ണർമാരായി ചേർത്തതാണെന്നും തങ്ങൾക്കു യാതൊരുവിധ ഉത്തരവാദിത്വമില്ലായെന്നും ഹർജിസംഗതികൾ കളവാണെന്നും പ്രസ്താവിക്കുന്നു. എട്ടാം എതിർകക്ഷിയും ഹർജിസംഗതികൾ നിഷേധിക്കുന്നു. എട്ടാം എതിർകക്ഷിയുടെ ഭർത്താവു സ്ഥാപനത്തിന്റെ ആരംഭദശയിൽ ഒരു പാർട്ണർ ആയിരുന്നുവെന്നും 1986 ഇൽ മരണശേഷം യാതൊരുവിധ ഇടപാടുകളും ടി സ്ഥാപനവുമായിട്ടില്ലെന്നും രണ്ടാം എതിർകക്ഷി സ്വന്തം നിലയിൽ മാത്രമായിരിക്കും ഉത്തരം പറയേണ്ടതുണ്ടെങ്കിൽ പറയേണ്ടുന്നതെന്നും പ്രസ്താവിക്കുന്നു. ഒൻപതാം എതിർകക്ഷിയും ഹർജിസംഗതികൾ നിഷേധിക്കുന്നു. സ്ഥാപനത്തിന്റെ പാർട്ണർ അല്ലായെന്നും എന്തോ തെറ്റിദ്ധാരണയുടെ ഫലമാണ് കക്ഷി ചേര്‍ത്തിട്ടുള്ളതെന്നും കേവലം പരീക്ഷണാർത്ഥമായി ഫയൽ ചെയ്ത കേസാണെന്നും യാതൊരുവിധ നിവൃത്തിയും ഒൻപതാം എതിർകക്ഷിയിൽ നിന്നും ലഭിക്കുവാൻ അവകാശമോ അർഹതയോ ഇല്ലെന്നും വിശദീകരിക്കുന്നു. ഒന്നും രണ്ടും എതിർകക്ഷികളുടെ അവകാശികളെന്ന നിലയിൽ കക്ഷി ചേർത്തിട്ടുള്ള 10, 11 എന്നീ എതിർകക്ഷികളുടെ ആക്ഷേപമനുസരിച്ചു ഒന്നാം എതിർകക്ഷി സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായിരുന്നുവെന്ന സംഗതി അറിവില്ലായെന്നും രണ്ടാം എതിർകക്ഷിയുടെ മരണശേഷമോ മുൻപിലോ ടിയാന്റെ യാതൊരുവിധ സ്വത്തുക്കളോ വരുമാനമോ ലഭിച്ചിട്ടില്ലായെന്നും പത്തും പതിനൊന്നും എതിർകക്ഷികൾ ബോധിപ്പിക്കുന്നു. ആയതുകൊണ്ടുതന്നെ ടിയാന്റെ യാതൊരു ബാധ്യതകൾക്കും ഈ എതിർകക്ഷികൾക്കു ഉത്തരവാദിത്വമോ ബാധ്യതയോ ഇല്ലാത്തതാണെന്നും രണ്ടാം എതിർകക്ഷിയുടെ ഭാര്യയും മകളുമാണ് 10, 11 എതിര്കക്ഷികളെന്നും മകളുടെ വിവാഹശേഷം രണ്ടാം എതിർകക്ഷിയും പത്താം എതിർകക്ഷിയും പതിനൊന്നാം എതിർകക്ഷിയുടെ പാലക്കാടുള്ള ഭർതൃ ഗൃഹത്തിലാണ് താമസിച്ചിരുന്നതെന്നും രണ്ടാം എതിര്കക്ഷിക്കു സ്വന്തമായി സ്വത്തോ വരുമാനമോ ഇല്ലായെന്നും ബോധിപ്പിക്കുന്നു. എതിർകക്ഷികളെ ബുദ്ധിമുട്ടിക്കുവാൻ ഉദ്ദേശിച്ചു ഫയൽ ചെയ്ത കളവായ ഹർജി തള്ളിക്കളയണമെന്നു എതിർകക്ഷികൾ ആവശ്യപ്പെടുന്നു. എതിർകക്ഷികളുടെ എഴുതി സമർപ്പിച്ച വിവരപത്രികയിലെ വാദമുഖങ്ങൾക്കുശേഷം കേസ് തെളിവിനായി മാറ്റി.
6) കേസിൽ പരിഗണിക്കപ്പെടേണ്ട പ്രസക്ത വിഷയങ്ങൾ താഴെ പറയുന്നവയാണ്
1) എതിർകക്ഷികളുടെ സേവനത്തിൽ എന്തെങ്കിലും ന്യൂനതയുണ്ടോ ?
2) ഉണ്ടെങ്കിൽ ആരൊക്കെയാണ് ഉത്തരവാദി ?
3) എന്തൊക്കെയാണ് പ്രതിവിധിയും ചെലവുകളും ?
7) ഒന്നാം ഹർജിക്കാരൻ കോടതി മുൻപാകെ ഹാജരായി തെളിവ് സത്യവാങ്മൂലം സമർപ്പിച്ചു. ഒപ്പം നാലു രേഖകളും ഹാജരാക്കി. രേഖ P1 to P4 എന്നിങ്ങനെ അടയാളപ്പെടുത്തി. രേഖ P1 - 305 നമ്പർ FD/03/11 രസീതിന്റെ അസ്സലാണ് (24/12/2004); രേഖ P2 - 307 നമ്പർ FD/03/12 രസീതിന്റെ അസ്സലാണ് (24/12/2004); രേഖ P3 - 661 നമ്പർ FD/04/134 രസീതിന്റെ അസ്സലാണ് (05/12/2012); രേഖ P4 - 690 നമ്പർ FD/04/163 രസീതിന്റെ അസ്സലാണ് (24/12/2013)
8) നാലും അഞ്ചും എതിര്കക്ഷികൾക്കുവേണ്ടി അഞ്ചാം എതിർകകഷി ഹാജരായി തെളിവ് സത്യവാങ്മൂലം സമർപ്പിച്ചു. രണ്ടു രേഖകളും ഹാജരാക്കി. രേഖകൾ R1 to R2 എന്ന് അടയാളപ്പെടുത്തി. രേഖ R1 - പാർട്ണർഷിപ് ഡീഡിന്റെ പകർപ്പാണ്; രേഖ R2 – 19/0/05 ൽ ദീപിക ദിനപത്രത്തിൽ വന്ന നാലാം എതിർകക്ഷി പരസ്യപ്പെടുത്തി പബ്ലിക് നോട്ടീസിന്റെ പകർപ്പാണ്. കൂടാതെ 3,6,7,8,10. എന്നീ എതിർകക്ഷികളുടെ തെളിവ് സത്യവാങ്മൂലം ഹാജരാക്കി. വാദം കേൾക്കുന്നതിനുമുന്പ് സമർപ്പിക്കേണ്ട ന്യായവാദം സംക്ഷിപ്തവും കക്ഷികൾ ഹാജരാക്കി. ഹര്‍ജിക്കാരേയും എതിര്കക്ഷികളെയും വിശദമായി കേട്ട്. ഹാജരാക്കിയ തെളിവുകളും സത്യവാങ്മൂലവും ന്യായവാദങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയുണ്ടായി.
തെളിവ് വിശകലനം
9) ഹര്‍ജിക്കാര്‍ ഹാജരാക്കിയ രേഖകൾ P1 to P4. പരിശോധിച്ചതിൽ ഹർജി സംഗതികൾ ശരിയും സത്യവുമാണെന്നു കോടതിക്ക് ബോധ്യം വന്നിട്ടുണ്ട്. P1 to P4 അസ്സൽ രേഖകളാണ്. അടച്ചുതീർത്ത പലിശയുടെ വിവരവും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
10) നാലാം എതിർകക്ഷി ഹാജരാക്കി രേഖകൾ R1 to R2 പരിശോധിച്ചതിൽ രേഖ R2 പബ്ലിക് നോട്ടീസ് ബാധ്യത ഒഴിയുന്നതിനുള്ള മതിയായ രേഖയല്ല. രേഖ R1 ഉടമ്പടിയിൽ പതിനാലാം ഖണ്ഡിക അനുസരിച്ചു മൂന്നുമാസത്തെ കുറയാത്ത രേഖമൂലമുള്ള അറിയിപ്പ്. മറ്റു പാർട്ണർമാരുടെ സമ്മതത്തോടുകൂടി നൽകേണ്ടതും ആയതിന്റെ രേഖ ഹാജരാക്കിയിട്ടില്ലാത്തതുമാണ്. R1 ഉടമ്പടിയിൽ എതിര്കക്ഷികളെല്ലാം തന്നെ പാർട്ണർമാരാണെന്നു വിശദമാക്കിയിട്ടുണ്ട്. P1 to P4 രേഖകളനുസരിച്ചുള്ള നിക്ഷേപസംഖ്യ കൊടുത്തു തീർത്തതായിട്ടുള്ള യാതൊരു രേഖയും എതിർകക്ഷികൾ ഹാജരാക്കിയിട്ടുമില്ല.
11) കളവും സത്യവിരോധവുമാണെന്നു സത്യപ്രസ്താവന ചെയ്തത് കൊണ്ടുമാത്രം സ്ഥാപനത്തിന്റെയും പാർട്ണർമാരുടെയും ബാധ്യത ഇല്ലാതാകുന്നില്ല. ഹർജിക്കാർ വ്യക്തമായ തെളിവുകൾ ഹാജരാക്കി എതിർകക്ഷികൾ നിക്ഷേപസംഖ്യ മുതലും പലിശയും മനഃക്ലേശങ്ങൾക്കു നഷ്ടപരിഹാരവും നൽകുവാൻ ബാധ്യസ്ഥരാണെന്നു ബോധ്യപ്പെടുത്തുവാൻ പൂർണമായും വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ പാർട്ണർഷിപ് നിയമപ്രകാരം പാർട്ണർഷിപ് സ്ഥാപനത്തിന്റെ ബാധ്യതകൾക്കു എല്ലാ പാർട്ണർമാരും ഒറ്റയ്ക്കും കൂട്ടമായും ഒരുപോലെ ഉത്തരവാദികളാണ്. ആയതിനാൽ പാർട്ണർമാർക്കു ബാധ്യതയിൽനിന്നു ഒഴിഞ്ഞു മാറുവാൻ ഒരു നിർവഹവുമില്ല. All partners are therefore jointly and severally liable to compensate the complainants. ഹർജികർക്കു അർഹമായ മുതലും പലിശയും മടക്കി നൽകാതിരുന്ന സ്ഥാപനത്തിന്റെയും വർക്കിംഗ് പാർട്ണർമാരുടെയും പ്രവൃത്തി സേവനത്തിലെ ന്യൂനതയും അനുചിത വ്യാപാരവൃത്തിയും കുറ്റകരമായ വീഴ്ചയും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനവുമാണ്.
പ്രതിവിധിയും ചെലവും
ഹർജികർക്കു അർഹമായ സ്ഥിരനിക്ഷേപസംഖ്യയായ 1,50,000/- രൂപയ്ക്കു 24/12/2004 മുതലും 15/12/2012 ൽ നിക്ഷേപിച്ച 1,00,000/- രൂപയ്ക്കു നിക്ഷേപ തിയതി മുതലും 24/12/2013 ൽ നിക്ഷേപിച്ച 50,000/- രൂപയ്ക്കു നിക്ഷേപത്തിയതി മുതലും 12% പലിശയും ചേർത്ത് നഷ്ടപരിഹാരമായി പതിനായിരം രൂപയും ചെലവിനത്തിൽ മൂവായിരം രൂപയും ഈ ഉത്തരവുകിട്ടി മുപ്പതു ദിവസത്തിനുള്ളിൽ എതിർകക്ഷികൾ നൽകുവാൻ കല്പിച്ചുത്തരവാകുന്നു. നിക്ഷേപത്തിന് കൊടുത്തു തീർത്തിട്ടുള്ള പലിശ കുറവ് ചെയ്യേണ്ടതാണ്. ഇപ്രകാരം ഹർജി അനുവദിക്കുന്നു.
Dictated to the Confidential Assistant, transcribed by her, corrected by me and pronounced in the open Commission this the 27th day of August 2020.
Sd/- Sd/- Sd/-
Sreeja S. Dr.K.Radhakrishnan Nair C. T. Sabu
Member Member President
Appendix
Complainants’ Exhibits :
രേഖ P1 - 305 നമ്പർ FD/03/11 രസീതിന്റെ അസ്സലാണ് (24/12/2004)
രേഖ P2 - 307 നമ്പർ FD/03/12 രസീതിന്റെ അസ്സലാണ് (24/12/2004)
രേഖ P3 - 661 നമ്പർ FD/04/134 രസീതിന്റെ അസ്സലാണ് (05/12/2012)
രേഖ P4 - 690 നമ്പർ FD/04/163 രസീതിന്റെ അസ്സലാണ് (24/12/2013)
Opposite Parties Exhibits :
രേഖ R1 - പാർട്ണർഷിപ് ഡീഡിന്റെ പകർപ്പാണ്
രേഖ R2 – 19/0/05 ൽ ദീപിക ദിനപത്രത്തിൽ വന്ന നാലാം എതിർകക്ഷി
പരസ്യപ്പെടുത്തി പബ്ലിക് നോട്ടീസിന്റെ പകർപ്പാണ്.